ശാസ്ത്രിയ നാമങ്ങൾ നിശ്ചയിക്കുന്നതെങ്ങനെ?
- Aleena
- May 18
- 2 min read
Updated: Jun 30

ഒരു പുതിയ ജീവജാലത്തെ കണ്ടുപിടിച്ചു കഴിയുമ്പോൾ അതിനു എങ്ങനെയാണ് പേരിടുന്നതെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? ഉദാഹരണത്തിനു നമ്മുടെ സംസ്ഥാന വൃക്ഷമായ തെങ്ങിന്റെ ശാസ്ത്രീയ നാമം Cocos nucifera (കോകോസ് നുസിഫെറാ) എന്നും മനുഷ്യരുടെ ശാസ്ത്രീയ നാമം Homo sapiens (ഹോമോ സാപിയെൻസ് ) എന്നുമാണ്. ഇവയ്ക്ക് ഈ പേരുകൾ എങ്ങനെ കിട്ടി? ആരാണ് ഈ നാമങ്ങൾ നിർണയിക്കുന്നത്?
ഇപ്പോൾ സാർവത്രികമായി ഉപയോഗിക്കുന്ന നാമകരണ പദ്ധതി , കാൾ ലിനേയസ് (Carl Linneus) രൂപീകരിച്ച ദ്വിപദ നാമപദ്ധതിയാണ് (Binominal nomenclature ). ഈ പദ്ധതി അനുസരിച്ച് പേരിന്റെ നാമഘടനയും വ്യാകരണവും ലാറ്റിൻ ഭാഷയിലുള്ളതും രണ്ടു പദങ്ങളുള്ളതുമാണ്. ശാസ്ത്രീയ നാമത്തിന്റെ ആദ്യത്തെ പദം ജീനസിനെയും(Genus) രണ്ടാമത്തെ പദം ആ ജീനസിലെ പ്രത്യേക വിശേഷണത്തെ അല്ലെങ്കിൽ സ്പീഷീസിനെ (species) സൂചിപ്പിക്കുന്നു. ഈ സ്പീഷീസിനെ സൂചിപ്പിക്കുന്ന രണ്ടാമത്തെ പദം ഏതെങ്കിലും നാമമോ അല്ലെങ്കിൽ ആ ജീവജലത്തിന്റെ ഏതെങ്കിലും വിശേഷണമോ ആവാം. ദ്വിപദ ശാസ്ത്രിയ നാമം എഴുതുന്നത് ഇറ്റാലിക്സിലും അതിന്റെ ആദ്യ പദമായ ജീനസിന്റെ ആദ്യാക്ഷരം വലിയ അക്ഷരത്തിലും (capital letters) രണ്ടാമത്തെ പദത്തിന്റെ ആദ്യാക്ഷരം ചെറിയ അക്ഷരത്തിലുമാണ് (small letters) എഴുതുതേണ്ടത്. ഗവേഷണ പേപ്പറുകളില് ശാസ്ത്രിയ നാമം എഴുതുമ്പോൾ, നാമകരണം നടത്തിയ ശാസ്ത്രജ്ഞന്റെ പേരോ പേരിനെ സൂചിപ്പിക്കുന്ന ആദ്യഅക്ഷരമോ സ്പീഷീസ് നാമത്തിനു ശേഷം രേഖപ്പെടുത്തുന്നതാണ് രീതി. ഉദാ: Cocos nucifera L. ഇവിടെ L. ലിനേയസിനെ (കാൾ ലിനേയസ്) പ്രതിനിധികരിക്കുന്നു.
മേൽ പറഞ്ഞ സമാനതകളുണ്ടെങ്കിലും ജന്തുലോകത്തിലെയും സസ്യലോകത്തിലെയും ശാസ്ത്രിയ നാമം നിർണയികുന്നത് വ്യത്യസ്ത നിയമാസംഹിതകളനുസരിച്ചാണ്. ജന്തു ശാസ്ത്രത്തിൽ ആഗോളമായി ഉപയോഗിക്കുന്നത് ഇൻറർനാഷനൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലേച്ചറും (ICZN code) സസ്യശാസ്ത്രത്തിൽ ആഗോളമായി ഉപയോഗിക്കുന്നത് ഇൻറർനാഷനൽ കോഡ് ഓഫ് നോമൻക്ലേച്ചർ ഫോർ അൽഗേ, ഫൻഗി ആന്റ് പ്ലാന്റ്സുമാണ് (ICN or ICNafp). ഉദാഹരണത്തിന്, ICN അനുസരിച്ച് ജീനസിനും സ്പീഷീസിനും ഒരേ പേര് (tautonym) അനുവദനീയമല്ല മറിച്ച് ICZN code ഇത് അനുവദിക്കുന്നു. മൂർഖൻ പാമ്പിന്റെ ശാസ്ത്രിയ നാമം Naja naja എന്നാണ്, ഈ തരത്തിലുള്ള രണ്ടു പദങ്ങളും ഒന്നായ ശാസ്ത്രിയ നാമം ചെടികൾക്കു ഇടാൻ സാധിക്കില്ല.
ICZN, ICN കോഡുകൾക്കു കാലാനുസൃതമായി മാറ്റങ്ങൾ വന്നിട്ടുണ്ട്. ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഇൻറർനാഷനൽ ബൊട്ടാണിക്കൽ കോൺഗ്രസസിന്റെ (IBC) നോമൻക്ലേച്ചർ സെക്ഷനിലാണ് ICN കോഡിന്റെ മാറ്റങ്ങളെ കുറിച്ചുള്ള ശുപാശകൾ ചർച്ചചെയ്യുന്നതും അംഗീകരിക്കുന്നതും. ICN കോഡിന്റെ ഭേദഗതിക്കുള്ള നിർദേശങ്ങൾ ഇൻറർനാഷനൽ അസോസിയേഷൻ ഫോർ പ്ലാന്റ് ടാക്സോണമിയുടെ (International Association for Plant Taxonomy; IAPT) ജേർണൽ ആയ ടാക്സോണിലാണ് (Taxon) പ്രസിദ്ധീകരിക്കേണ്ടത്. 2020 ജൂലൈ മുതൽ 2023 ഒക്ടോബർ വരെ, 167 ആളുകൾ കോഡ് ഭേദഗതി ചെയ്യുന്നതിനുള്ള 433 നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് . അവസാനമായി IBC -യുടെ നോമൻക്ലേച്ചർ സെസെക്ഷൻ നടന്നത് കഴിഞ്ഞ വർഷം അതായത് 2024 ജൂലൈ 15 മുതൽ 19 വരെ സ്പൈനയിലെ മഡ്രിഡിൽ വെച്ചാണ്. 433 നിർദ്ദേശങ്ങൾ ഈ സെഷനിൽ ചർച്ചചെയ്തതിനുശേഷം ഭേദഗതികൾ വന്ന കോഡിനെ മഡ്രിഡ് കോഡ് എന്നു വിളിക്കുന്നു. ഈ പുതിയ കോഡ് പ്രകാരം, 2026 മുതൽ പുതിയ സ്പീഷീസിന് പേര് നിർണയിക്കുമ്പോൾ ഏതെങ്കിലും കൂട്ടം ആളുകളെയോ, സമൂഹത്തെയോ അധിക്ഷേപിക്കുന്നതോ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പേരുകൾ അനുവദനീയമല്ല. അത്പോലെ മറ്റൊരു പ്രധാന മാറ്റമുള്ളത് വംശീയ അധിക്ഷേപപരമായ caffra എന്ന പദം പൂർണമായി ചെടികളുടെ ശാസ്ത്രിയ നാമങ്ങളിൽ നിന്ന് ഒഴിവാക്കി എന്നതാണ് (1).
ഇനി മുതൽ ഒരു ശാസ്ത്രിയ നാമം കാണുമ്പോൾ അതിന്റെ പിന്നിലുള്ള നിരവധി നിയമങ്ങളെ കുറിച്ച് നമുക്ക് ഓർമ്മിക്കാം.
Turland NJ. From the Shenzhen Code to the Madrid Code: New rules and recommendations for naming algae, fungi, and plants. Am J Bot. 2025 Apr;112(4):e70026. doi: 10.1002/ajb2.70026.
Comments