top of page
വിവിധ ഇനം പക്ഷി കൂടുകളിലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം
വിവിധ ഇനം പക്ഷി കൂടുകളിലെ പ്ലാസ്റ്റിക്കിന്റെ ഉപയോഗം

നഗരവൽകരണം ആവാസവ്യവസ്ഥയുടെ സ്വാഭാവിക ഘടന നശിപ്പിക്കുകയും അതിന്റെ തകർച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾമൂലം പ്രകൃതിയിൽ എത്തിച്ചേരുന്ന പരിചിതമല്ലാത്ത മനുഷ്യനിർമ്മിതമായ (പ്ലാസ്റ്റിക് പോലുള്ള) വസ്തുക്കളുമായി ഇടപഴകാൻ ജീവജാലങ്ങൾ നിർബന്ധിതരാവുന്നു. ഇത്തരം ഇടപെടലുകൾ (interactions) അവയുടെ നിലനില്പിനെ മാത്രമല്ല സ്വഭാവരീതികളെയും ബാധിക്കുന്ന തരത്തിലുള്ളതാണ്. നഗര/അർദ്ധ നഗര പ്രദേശങ്ങളിൽ (urban/semi-urban) കാണപ്പെടുന്ന വിവിധ പക്ഷികൾ കൂടുകൾ നിർമിക്കുന്നതിനായി മനുഷ്യനിർമിതമായ പാഴ് വസ്തുക്കൾ (ആന്ത്രോപോജിനിക് വേസ്റ്റ് മെറ്റീരിയൽസ് - AWM) ഉപയോഗിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പഠനത്തിൽ പാഴ്‌വസ്‌തുക്കളുടെ ഉപയോഗവും വിവിധ പക്ഷികളുടെ ഇടയിൽ അതിന്റെ ഉപയോഗവും വ്യത്യസ്തമാണോ എന്നും ഞങ്ങൾ പരിശോധിക്കുന്നു. ഉപേക്ഷിക്കപ്പെട്ട കൂടുകൾ ശേഖരിച്ച് അവയുടെ ഘടനാപരമായ ഭാഗങ്ങൾ, അടിത്തറ, അകത്തെ പാളി എന്നിവ പരിശോധിക്കുകയും അവയിൽ ഉപയോഗിച്ചിട്ടുള്ള AWM ഇന്റെ എണ്ണം കണക്കാക്കുകയും ചെയ്തു. കൂടിന്റെ ഘടന നിർണയിക്കുന്ന ഭാഗങ്ങളിൽ കൂടുതൽ AWM ഉപയോഗിക്കുന്നതായി ഞങ്ങൾ കണ്ടെത്തി. അതുപോലെ തന്നെ ആവാസ വ്യവസ്ഥയിലെ AWM ഇന്റെ അളവ് കുറയുന്നതനുസരിച്ച് കൂടുകളിൽ ഇവയുടെ ഉപയോഗവും കുറയുന്നതായി കണ്ടു. നഗരങ്ങളിലെ ശാസ്ത്രീയമായ വേസ്റ്റ് മാനേജ്മെമെന്റ് ഇത്തരം പ്രശ്നങ്ങൾക്കുള്ള പ്രധാന പരിഹാരമാണ് എന്ന് ഈ കണ്ടെത്തലുകൾ ചൂണ്ടിക്കാട്ടുന്നു. നമ്മുടെ നഗരങ്ങളിൽ തദ്ദേശ സസ്യങ്ങൾ വളർത്തുന്നതുമൂലം പക്ഷികളിലും മൃഗങ്ങളിലും കാണുന്ന ഇത്തരം പാഴ് വസ്തുക്കളുടെ ഉപയോഗം കുറക്കാനാവുമെന്നു ഞങ്ങൾ ശുപാർശ ചെയ്യുന്നു.


-ട്രോപ്പിക്കൽ എക്കോളജി എന്ന ജേർണൽ 2023 ഇൽ പ്രസിദ്ധീകരിച്ച "Life amidst debris: urban waste management affects the utilization of anthropogenic waste materials in avian nest construction" എന്ന പ്രബന്ധത്തിന്റെ സംഗ്രഹ പരിഭാഷണം

 
 
 
Cover page of Shenzhen code
Cover page of Shenzhen code

ഒരു പുതിയ ജീവജാലത്തെ കണ്ടുപിടിച്ചു കഴിയുമ്പോൾ അതിനു എങ്ങനെയാണ് പേരിടുന്നതെന്ന് നിങ്ങൾ ചിന്തിച്ചുനോക്കിയിട്ടുണ്ടോ ? ഉദാഹരണത്തിനു  നമ്മുടെ സംസ്ഥാന വൃക്ഷമായ തെങ്ങിന്റെ  ശാസ്ത്രീയ നാമം Cocos nucifera  (കോകോസ് നുസിഫെറാ) എന്നും മനുഷ്യരുടെ ശാസ്ത്രീയ നാമം Homo sapiens (ഹോമോ സാപിയെൻസ്  ) എന്നുമാണ്.  ഇവയ്ക്ക്  ഈ പേരുകൾ എങ്ങനെ കിട്ടി?  ആരാണ് ഈ നാമങ്ങൾ നിർണയിക്കുന്നത്?

ഇപ്പോൾ സാർവത്രികമായി  ഉപയോഗിക്കുന്ന നാമകരണ പദ്ധതി , കാൾ ലിനേയസ് (Carl Linneus)  രൂപീകരിച്ച ദ്വിപദ നാമപദ്ധതിയാണ്  (Binominal nomenclature ).  പദ്ധതി അനുസരിച്ച് പേരിന്റെ നാമഘടനയും വ്യാകരണവും ലാറ്റിൻ ഭാഷയിലുള്ളതും രണ്ടു പദങ്ങളുള്ളതുമാണ്. ശാസ്ത്രീയ നാമത്തിന്റെ ആദ്യത്തെ പദം ജീനസിനെയും(Genus)  രണ്ടാമത്തെ പദം ആ ജീനസിലെ പ്രത്യേക വിശേഷണത്തെ അല്ലെങ്കിൽ സ്പീഷീസിനെ (species) സൂചിപ്പിക്കുന്നു.  ഈ സ്പീഷീസിനെ സൂചിപ്പിക്കുന്ന രണ്ടാമത്തെ പദം ഏതെങ്കിലും നാമമോ അല്ലെങ്കിൽ ആ ജീവജലത്തിന്റെ ഏതെങ്കിലും വിശേഷണമോ ആവാം. ദ്വിപദ ശാസ്ത്രിയ നാമം എഴുതുന്നത്  ഇറ്റാലിക്സിലും അതിന്റെ ആദ്യ പദമായ ജീനസിന്റെ ആദ്യാക്ഷരം വലിയ അക്ഷരത്തിലും (capital letters) രണ്ടാമത്തെ പദത്തിന്റെ ആദ്യാക്ഷരം ചെറിയ അക്ഷരത്തിലുമാണ് (small letters) എഴുതുതേണ്ടത്. ഗവേഷണ പേപ്പറുകളില് ശാസ്ത്രിയ നാമം എഴുതുമ്പോൾ, നാമകരണം നടത്തിയ ശാസ്ത്രജ്ഞന്റെ പേരോ പേരിനെ സൂചിപ്പിക്കുന്ന ആദ്യഅക്ഷരമോ സ്പീഷീസ് നാമത്തിനു ശേഷം രേഖപ്പെടുത്തുന്നതാണ് രീതി.  ഉദാ: Cocos nucifera L. ഇവിടെ L. ലിനേയസിനെ (കാൾ ലിനേയസ്) പ്രതിനിധികരിക്കുന്നു.  

മേൽ പറഞ്ഞ സമാനതകളുണ്ടെങ്കിലും ജന്തുലോകത്തിലെയും സസ്യലോകത്തിലെയും ശാസ്ത്രിയ നാമം നിർണയികുന്നത്  വ്യത്യസ്ത നിയമാസംഹിതകളനുസരിച്ചാണ്. ജന്തു ശാസ്ത്രത്തിൽ ആഗോളമായി ഉപയോഗിക്കുന്നത് ഇൻറർനാഷനൽ കോഡ് ഓഫ് സുവോളജിക്കൽ നോമൻക്ലേച്ചറും (ICZN code) സസ്യശാസ്ത്രത്തിൽ ആഗോളമായി ഉപയോഗിക്കുന്നത്  ഇൻറർനാഷനൽ കോഡ് ഓഫ് നോമൻക്ലേച്ചർ ഫോർ അൽഗേ, ഫൻഗി ആന്റ് പ്ലാന്റ്സുമാണ് (ICN or ICNafp). ഉദാഹരണത്തിന്,  ICN അനുസരിച്ച് ജീനസിനും സ്പീഷീസിനും ഒരേ പേര് (tautonym) അനുവദനീയമല്ല മറിച്ച്  ICZN code ഇത് അനുവദിക്കുന്നു. മൂർഖൻ പാമ്പിന്റെ ശാസ്ത്രിയ നാമം Naja naja എന്നാണ്, ഈ തരത്തിലുള്ള രണ്ടു പദങ്ങളും ഒന്നായ ശാസ്ത്രിയ നാമം ചെടികൾക്കു ഇടാൻ സാധിക്കില്ല. 

 ICZN, ICN കോഡുകൾക്കു കാലാനുസൃതമായി മാറ്റങ്ങൾ വന്നിട്ടുണ്ട്. ആറു വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഇൻറർനാഷനൽ ബൊട്ടാണിക്കൽ കോൺഗ്രസസിന്റെ (IBC) നോമൻക്ലേച്ചർ സെക്ഷനിലാണ് ICN കോഡിന്റെ മാറ്റങ്ങളെ കുറിച്ചുള്ള ശുപാശകൾ ചർച്ചചെയ്യുന്നതും അംഗീകരിക്കുന്നതും. ICN കോഡിന്റെ ഭേദഗതിക്കുള്ള നിർദേശങ്ങൾ ഇൻറർനാഷനൽ അസോസിയേഷൻ ഫോർ പ്ലാന്റ് ടാക്സോണമിയുടെ (International Association for Plant Taxonomy; IAPT) ജേർണൽ ആയ ടാക്സോണിലാണ് (Taxon) പ്രസിദ്ധീകരിക്കേണ്ടത്. 2020 ജൂലൈ മുതൽ 2023 ഒക്ടോബർ വരെ, 167 ആളുകൾ കോഡ് ഭേദഗതി ചെയ്യുന്നതിനുള്ള 433 നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .  അവസാനമായി IBC -യുടെ നോമൻക്ലേച്ചർ സെസെക്ഷൻ നടന്നത് കഴിഞ്ഞ വർഷം അതായത് 2024 ജൂലൈ 15 മുതൽ 19 വരെ സ്പൈനയിലെ മഡ്രിഡിൽ വെച്ചാണ്. 433 നിർദ്ദേശങ്ങൾ ഈ സെഷനിൽ ചർച്ചചെയ്തതിനുശേഷം ഭേദഗതികൾ വന്ന കോഡിനെ മഡ്രിഡ് കോഡ് എന്നു വിളിക്കുന്നു.  ഈ പുതിയ കോഡ് പ്രകാരം, 2026 മുതൽ പുതിയ സ്പീഷീസിന് പേര് നിർണയിക്കുമ്പോൾ ഏതെങ്കിലും കൂട്ടം ആളുകളെയോ, സമൂഹത്തെയോ അധിക്ഷേപിക്കുന്നതോ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പേരുകൾ അനുവദനീയമല്ല. അത്പോലെ മറ്റൊരു പ്രധാന മാറ്റമുള്ളത് വംശീയ അധിക്ഷേപപരമായ caffra എന്ന പദം പൂർണമായി ചെടികളുടെ ശാസ്ത്രിയ നാമങ്ങളിൽ നിന്ന് ഒഴിവാക്കി എന്നതാണ് (1).  

ഇനി മുതൽ ഒരു ശാസ്ത്രിയ നാമം കാണുമ്പോൾ അതിന്റെ പിന്നിലുള്ള നിരവധി നിയമങ്ങളെ കുറിച്ച് നമുക്ക് ഓർമ്മിക്കാം.


 
 
 


Kothaligad, Northern Western Ghats during monsoon
Kothaligad, Northern Western Ghats during monsoon

ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പരിവർത്തനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന  എൻഡെമിസം (Endemism), ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുടെ (biodiversity hotspot) മുഖമുദ്രയാണ്. ഫോസിൽ തെളിവുകൾ, വടക്കുകിഴക്കൻ ഇന്ത്യ, പശ്ചിമഘട്ടം പോലുള്ള ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിൽ, എൻഡെമിക് ടാക്സയുടെ ചരിത്രപരമായ ജൈവഭൂമിശാസ്ത്രത്തെയും (biogeography) പരിണാമ പാതകളെയും  കുറിച്ചുള്ള സവിശേഷമായ അറിവുകൾ നൽകുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ ആസാമിലെ മകം കോൾഫീൽഡിൽ നിന്നുള്ള ലേറ്റ് ഒലിഗോസീൻ (late oligocene) ഭൗമയുഗ കാലഘട്ടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന്  കണ്ടെത്തിയ രണ്ട് നോത്തോപീജിയ (Nothopegia) സ്പീഷീസുകളെ (അനകാർഡിയേസി; Anacardiaceae) ഈ പഠനത്തിൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫോസിലുകൾ നോത്തോപീജിയ ജനുസ്സിന്റെ ആഗോളപരമായ ഏറ്റവും പഴയ രേഖയാണ്, കൂടാതെ ഇവ നിലവിൽ പശ്ചിമഘട്ടത്തിൽ മാത്രമായി കാണപ്പെടുന്ന  നോത്തോപീജിയ ട്രാവൻകോറിക്ക (Nothopegia travancorica ), എൻ. കാസ്റ്റാനിഫോളിയ (N. castaneifolia) എന്നീ സസ്യങ്ങളുമായി ശ്രദ്ധേയമായ രൂപാന്തര സമാനതകൾ കാണിക്കുന്നു.  ഈ സമാനതകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി നടക്കുന്ന ഒരു പ്രധാന ജൈവഭൂമിശാസ്ത്രപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പുരാണ കാലാവസ്ഥ (paleoclimatic) പുനർനിർമ്മാണങ്ങളും പുരാണ അക്ഷാംശ (paleolatitudinal) പുനർനിർമ്മാണങ്ങളും സൂചിപ്പിക്കുന്നത് വടക്കുകിഴക്കൻ ഇന്ത്യയിലെ ലേറ്റ് ഒലിഗോസീൻ കാലഘട്ടത്തിലെ കാലാവസ്ഥ, പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ കാലാവസ്ഥയ്ക്കു സമമാണെന്നും, ഈ അവസ്ഥ വടക്കുകിഴക്കൻ ഇന്ത്യയിൽ നോത്തോപീജിയയുടെ നിലനിൽപ്പിന് കാരണമായെന്നുമാണ്. എന്നിരുന്നാൽ, ഹിമാലയൻ-ടിബറ്റൻ പീഠഭൂമിയുടെ (plateau) ഉയർച്ചയും, വടക്ക് - വടക്കുകിഴക്കൻ ഇന്ത്യയിലുടനീളമുള്ള തണുത്ത മാസങ്ങളിലെ ശരാശരി താപനില (CMMT) യിലെ പ്രകടമായ കുറവും, ഈ പ്രദേശത്തെ നോത്തോപീജിയയുടെ വംശനാശത്തിന് കാരണമായെന്നനുമാനിക്കുന്നു , തന്മൂലം പശ്ചിമഘട്ടത്തിലെ ചൂടുള്ള പരിസ്ഥിതികളിലേക്ക് ഈ സസ്യം ഒതുങ്ങി. ഈ പഠനത്തിൽ കണ്ടെത്തിയ ഫോസ്സിലും അതു പോലെ മുൻപ് കണ്ടുപിടിക്കപ്പെട്ടിടുള്ള മറ്റു സസ്യങ്ങളുടെ ഫോസ്സിലുകളും വടക്കുകിഴക്കൻ ഇന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ഫ്ലോറിസ്റ്റിക് സംബർക്കത്തെ  സൂചിപ്പിക്കുന്നു. പെലിയോജീൻ  കാലഘട്ടത്തിലെ നിത്യഹരിത വന ഇടനാഴികൾ ഈ സംബർക്കത്തിന് സഹായകരമായിരുന്നിരിക്കാമെന്ന് അനുമാനിക്കുന്നു.  ഈ കണ്ടെത്തലുകൾ ദക്ഷിണേഷ്യയിലെ  ജൈവവൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ (ecosystem) ജൈവഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചുള്ള അറിവുകൾ നല്കുന്നതിനോടൊപ്പം  പ്രാദേശിക ജൈവവൈവിധ്യത്തെ രൂപപ്പെടുത്തുന്നതിൽ കാലാവസ്ഥാ വ്യതിയാനങ്ങളും ഭൗമീക സംഭവവികാസങ്ങളും തമ്മിലുള്ള പരസ്പരബന്ധം എടുത്തുകാണിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, ആധുനിക ജൈവ സംരക്ഷണ തന്ത്രങ്ങളെ നിർദേശിക്കുന്നതിൽ പാലിയോബോട്ടാണിക്കൽ ഡാറ്റയുടെ നിർണായക പങ്ക് ഈ പഠനം തെളിയിക്കുന്നു, പ്രത്യേകിച്ച്, മുൻപ് സമൃദ്ധമായുണ്ടായിരുന്ന എന്നാൽ ഇന്നു ഒറ്റപ്പെട്ട ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ മാത്രമായി  ഒതുങ്ങിനിൽക്കുന്ന റെലിക്റ്റ് (relict) ടാക്സയ്ക്ക്.


-Review of Palaeobotany and Palynology എന്ന ജേർണലിൽ 2025ൽ പ്രസിദ്ധീകരിച്ച "Rising Himalaya and climate change drive endemism in the Western Ghats: Fossil evidence insights" എന്ന ഗവേഷണ പേപ്പറിന്റെ സംഗ്രഹത്തിന്റെ (Abstract) മലയാളപരിഭാഷയാണിത്.
 
 
 
2

About Us

Join us in our mission to make science accessible to all. Click to read more about our vision and explore our latest articles.

© 2023 by Science on Banana Leaf. All rights reserved.

Join Our Mailing List

Thanks for subscribing!

bottom of page