ഹിമാലയത്തിന്റെ ഉയർച്ചയും കാലാവസ്ഥാ വ്യതിയാനവും പശ്ചിമഘട്ടത്തിലെ തദ്ദേശീയതയെ നിയന്ത്രിക്കുന്നു: ഫോസിൽ തെളിവുകൾ
- Aleena
- May 1
- 1 min read

ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ പരിവർത്തനങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന എൻഡെമിസം (Endemism), ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുടെ (biodiversity hotspot) മുഖമുദ്രയാണ്. ഫോസിൽ തെളിവുകൾ, വടക്കുകിഴക്കൻ ഇന്ത്യ, പശ്ചിമഘട്ടം പോലുള്ള ജൈവവൈവിധ്യ സമ്പന്നമായ പ്രദേശങ്ങളിൽ, എൻഡെമിക് ടാക്സയുടെ ചരിത്രപരമായ ജൈവഭൂമിശാസ്ത്രത്തെയും (biogeography) പരിണാമ പാതകളെയും കുറിച്ചുള്ള സവിശേഷമായ അറിവുകൾ നൽകുന്നു. വടക്കുകിഴക്കൻ ഇന്ത്യയിലെ ആസാമിലെ മകം കോൾഫീൽഡിൽ നിന്നുള്ള ലേറ്റ് ഒലിഗോസീൻ (late oligocene) ഭൗമയുഗ കാലഘട്ടത്തിലെ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയ രണ്ട് നോത്തോപീജിയ (Nothopegia) സ്പീഷീസുകളെ (അനകാർഡിയേസി; Anacardiaceae) ഈ പഠനത്തിൽ റിപ്പോർട്ട് ചെയ്യുന്നു. ഈ ഫോസിലുകൾ നോത്തോപീജിയ ജനുസ്സിന്റെ ആഗോളപരമായ ഏറ്റവും പഴയ രേഖയാണ്, കൂടാതെ ഇവ നിലവിൽ പശ്ചിമഘട്ടത്തിൽ മാത്രമായി കാണപ്പെടുന്ന നോത്തോപീജിയ ട്രാവൻകോറിക്ക (Nothopegia travancorica ), എൻ. കാസ്റ്റാനിഫോളിയ (N. castaneifolia) എന്നീ സസ്യങ്ങളുമായി ശ്രദ്ധേയമായ രൂപാന്തര സമാനതകൾ കാണിക്കുന്നു. ഈ സമാനതകൾ ദശലക്ഷക്കണക്കിന് വർഷങ്ങളായി നടക്കുന്ന ഒരു പ്രധാന ജൈവഭൂമിശാസ്ത്രപരമായ മാറ്റത്തെ സൂചിപ്പിക്കുന്നു. പുരാണ കാലാവസ്ഥ (paleoclimatic) പുനർനിർമ്മാണങ്ങളും പുരാണ അക്ഷാംശ (paleolatitudinal) പുനർനിർമ്മാണങ്ങളും സൂചിപ്പിക്കുന്നത് വടക്കുകിഴക്കൻ ഇന്ത്യയിലെ ലേറ്റ് ഒലിഗോസീൻ കാലഘട്ടത്തിലെ കാലാവസ്ഥ, പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ കാലാവസ്ഥയ്ക്കു സമമാണെന്നും, ഈ അവസ്ഥ വടക്കുകിഴക്കൻ ഇന്ത്യയിൽ നോത്തോപീജിയയുടെ നിലനിൽപ്പിന് കാരണമായെന്നുമാണ്. എന്നിരുന്നാൽ, ഹിമാലയൻ-ടിബറ്റൻ പീഠഭൂമിയുടെ (plateau) ഉയർച്ചയും, വടക്ക് - വടക്കുകിഴക്കൻ ഇന്ത്യയിലുടനീളമുള്ള തണുത്ത മാസങ്ങളിലെ ശരാശരി താപനില (CMMT) യിലെ പ്രകടമായ കുറവും, ഈ പ്രദേശത്തെ നോത്തോപീജിയയുടെ വംശനാശത്തിന് കാരണമായെന്നനുമാനിക്കുന്നു , തന്മൂലം പശ്ചിമഘട്ടത്തിലെ ചൂടുള്ള പരിസ്ഥിതികളിലേക്ക് ഈ സസ്യം ഒതുങ്ങി. ഈ പഠനത്തിൽ കണ്ടെത്തിയ ഫോസ്സിലും അതു പോലെ മുൻപ് കണ്ടുപിടിക്കപ്പെട്ടിടുള്ള മറ്റു സസ്യങ്ങളുടെ ഫോസ്സിലുകളും വടക്കുകിഴക്കൻ ഇന്ത്യയും പശ്ചിമഘട്ടവും തമ്മിലുള്ള ഫ്ലോറിസ്റ്റിക് സംബർക്കത്തെ സൂചിപ്പിക്കുന്നു. പെലിയോജീൻ കാലഘട്ടത്തിലെ നിത്യഹരിത വന ഇടനാഴികൾ ഈ സംബർക്കത്തിന് സഹായകരമായിരുന്നിരിക്കാമെന്ന് അനുമാനിക്കുന്നു. ഈ കണ്ടെത്തലുകൾ ദക്ഷിണേഷ്യയിലെ ജൈവവൈവിധ്യമാർന്ന ആവാസവ്യവസ്ഥകളുടെ (ecosystem) ജൈവഭൂമിശാസ്ത്ര ചരിത്രത്തെക്കുറിച്ചുള്ള അറിവുകൾ നല്കുന്നതിനോടൊപ്പം പ്രാദേശിക ജൈവവൈവിധ്യത്തെ രൂപപ്പെടുത്തുന്നതിൽ കാലാവസ്ഥാ വ്യതിയാനങ്ങളും ഭൗമീക സംഭവവികാസങ്ങളും തമ്മിലുള്ള പരസ്പരബന്ധം എടുത്തുകാണിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, ആധുനിക ജൈവ സംരക്ഷണ തന്ത്രങ്ങളെ നിർദേശിക്കുന്നതിൽ പാലിയോബോട്ടാണിക്കൽ ഡാറ്റയുടെ നിർണായക പങ്ക് ഈ പഠനം തെളിയിക്കുന്നു, പ്രത്യേകിച്ച്, മുൻപ് സമൃദ്ധമായുണ്ടായിരുന്ന എന്നാൽ ഇന്നു ഒറ്റപ്പെട്ട ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന റെലിക്റ്റ് (relict) ടാക്സയ്ക്ക്.
Comments