- Rhuthuparna
- Apr 26
- 2 min read
Updated: May 1
മാർട്ടിൻ എ ഷ്വാട്സ്
(The importance of stupidity in scientific research എന്ന ലേഖനത്തിന്റെ മലയാള പരിഭാഷ)
ഈയടുത്ത് എന്റെ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടാൻ ഇടയായി. വ്യത്യസ്ത മേഘലകളിലായിരുന്നുവെങ്കിലും ഞങ്ങൾ ഒരേസമയം ശാസ്ത്ര ഗവേഷണ വിദ്യാർത്ഥികളായിരുന്നു. ഗവേഷണം പാതിവഴിയിൽ ഉപേക്ഷിച് അവൾ ഹാർവാർഡ് ലോ സ്കൂൾ ഇൽ ചേരുകയും ഇപ്പോൾ ഒരു പരിസ്ഥിതി സംഘടനയുടെ മുതിർന്ന അഭിഭാഷകയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഒരിക്കൽ ഞങ്ങളുടെ സംഭാഷണങ്ങൾക് ഇടയിൽ എന്തിനാണ് ഗവേഷണം ഉപേക്ഷിച്ചത് എന്ന് അവളോട് ചോദിച്ചു. എന്നെ അത്ഭുദപ്പെടുത്തുംവിധം ശാസ്ത്രം എന്നെ വിഡ്ഡി ആക്കുന്നു എന്നായിരുന്നു അവളുടെ മറുപടി. വര്ഷങ്ങളോളം ദിവസേന വിഡ്ഢിയായതിനുശേഷം അവൾക് മറ്റെന്തെങ്കിലും ചെയ്യാൻ ആഗ്രഹം തോന്നി.
എനിക്ക് അറിയാവുന്നതിൽ ഏറ്റവും മിടുക്കരായവരിൽ ഒരാളായിരുന്നു അവൾ. ഗവേഷണത്തിന് ശേഷം അവൾ തിരഞ്ഞെടുത്ത ജോലി എന്റെ ഈ കാഴ്ചപ്പാടിനെ പിന്തുണക്കുന്നത് പോലെ ആയിരുന്നു. അവളുടെ ഉത്തരം എന്നെ അലട്ടിക്കൊണ്ടിരുന്നു. ഞാൻ അതിനെ പറ്റി ചിന്തിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം അതെനിക്ക് മനസിലായി. ശാസ്ത്രം എന്നെയും വിഡ്ഢിയാകുന്നു. എനിക്കത് ശീലമായി എന്നുമാത്രം. മാത്രമല്ല അതിനോട് പൊരുത്തപ്പെട്ട് വിഡ്ഢിയാവാനുള്ള പുതിയ വഴികൾ ഞാൻ തേടിക്കൊണ്ടെയിരിക്കുന്നു. വിഡ്ഢിയാണെന്ന തോന്നലില്ലാതെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാത്തപോലെ. അത് അങ്ങനെതന്നെ ആയിരിക്കണമെന്നുപോലും ഞാൻ കരുതുന്നു. എന്തുകൊണ്ടെന്ന് ഞാൻ വിശദീകരിക്കാം.
നമ്മളിൽ ഭൂരിഭാഗവും സ്കൂളിലോ കോളേജിലോ ശാസ്ത്രത്തിൽ നമ്മൾ മിടുക്കരായിരുന്നതുകൊണ്ട് അതിനെ ഇഷ്ടപെട്ടവരാണ്. അത് മാത്രം പോരാ – അത്ഭുതത്തോടുകൂടെ ഭൗതികലോകത്തെ മനസിലാക്കാനും പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള വൈകാരികമായ ആവശ്യവുംകൂടെ വേണം. പക്ഷെ സ്കൂളിലും കോളേജിലും പഠിക്കുന്ന ശാസ്ത്രം കോഴ്‌സുകൾ ആയിട്ടാണ്. അതിൽ മികവ് കൈവരിക്കുക എന്ന് പറയുന്നത് പരീക്ഷയിൽ ശരിയായ ഉത്തരം എഴുതുക എന്നത് മാത്രമാണ്. ഉത്തരം അറിയാവുന്നവരാണെങ്കിൽ മികവ് തെളിയുകയും മിടുക്കരാണെന്നു നിങ്ങൾക് തോന്നുകയും ചെയ്യും.
PhD അഥവാ ഗവേഷണ വിദ്യാഭ്യാസത്തിൽ ഒരു ഗവേഷണ പ്രോജെക്ടിൽ പ്രവർത്തിക്കേണ്ടിവരുന്നത് മറ്റെന്തിനേക്കാളും വ്യത്യസ്തമാണ്. വസ്തുനിഷവും പ്രധാനവുമായ ഒരു ഉത്തരം കിട്ടുന്ന തരത്തിൽ ഞാൻ എങ്ങനെയാണ് ഒരു ചോദ്യം ചോദിക്കുക? നിഗമനങ്ങൾ കൃത്യമായി വ്യാഖ്യാനിക്കാവുന്ന തരത്തിൽ എങ്ങനെയാണ് പരീക്ഷണങ്ങൾ രൂപകൽപന ചെയ്യുക? ഭാവിയിൽ വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കി അവയെ ഒഴിവാക്കാനുള്ള മാർഗങ്ങൾ കാണുക? അത്തരം ബുദ്ധിമുട്ടുകൾ വന്നാൽ തന്നെ അവയെ എങ്ങനെ തരണം ചെയ്യാം? എന്റെ PhD പ്രൊജക്റ്റ് ഇൻ്റർ-ഡിസിപ്ലിനറി ആയിരുന്നു. അതുകൊണ്ടുതന്നെ PhD ജീവിതത്തിൽ അനുഭവിച്ച ഓരോ ബുദ്ധിമുട്ടുകളിലും അതാത് മേഖലകളിൽ വിദഗ്ദരായ അധ്യാപകരെ ഞാൻ ബുദ്ധിമുട്ടിച്ചു കൊണ്ടേ ഇരുന്നു. അത്തരം ഒരു സന്ദർഭത്തിൽ ഹെന്രി ടോബ് (Henry Taube; നോബൽ ജേതാവ്) എന്നോട് എന്റെ ചില സാങ്കേതിക ബുദ്ധിമുട്ടുകൾക്കുള്ള പരിഹാരം അദ്ദേഹത്തിന്റെ പക്കലില്ല എന്ന് പറഞ്ഞത് ഞാൻ ഇപ്പഴും ഓർക്കുന്നു. അന്ന് മൂന്നാം വർഷ ഗവേഷക വിദ്യാർത്ഥി ആയിരുന്ന ഞാൻ അദ്ദേഹത്തിന് എന്നേക്കാൾ 1000 (യാഥാസ്ഥിതിക കണക്ക്) മടങ്ങ് ജ്ഞാനം ഉണ്ടെന്ന് ഓർക്കുകയും അദ്ധേഹത്തിന്റെ പക്കൽ അതിനുള്ള ഉത്തരമില്ലെങ്കിൽ ആരുടെ പക്കലും ഉണ്ടാകില്ലെന്ന് മനസിലാക്കുകയും ചെയ്തു.
അന്ന് ഞാൻ തിരിച്ചറിഞ്ഞു, ആർക്കും അറിയാത്തതുകൊണ്ടാണ് അതൊരു ഗവേഷണ പ്രശ്നമായി മാറുന്നത്. എന്റെ ഗ്രവേഷണത്തിലെ ചോദ്യമായതിനാൽ അതിനു ഉത്തരം കണ്ടുപിടിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു (വളരെ ബുദ്ധിമുട്ടേറിയ പ്രശ്‌നമല്ലെന്നും ചില ശ്രമങ്ങളിലൂടെ കണ്ടുപിടിക്കാനാവുന്നതാണെന്നും പിന്നീട് ഞാൻ തിരിച്ചറിഞ്ഞു). അറിയാത്തതായിട്ടുള്ളവയുടെ അളവ് വലുതുമാത്രമല്ല അനന്തമായതുകൂടെ ആണെന്നുള്ള വലിയ പാഠം ഞാൻ അന്ന് മനസിലാക്കി. ആ തിരിച്ചറിവ് നിരുത്സാഹപ്പെടുത്തുന്നതിനു പകരം സ്വാതന്ത്രമാക്കുന്നതായിരുന്നു. നമ്മുടെ അജ്ഞത അനന്തമാണെങ്കിൽ, നമുക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം, നമുക്ക് കഴിയുന്നത്ര കുഴപ്പത്തിലാകുക എന്നതാണ്.
നമ്മുടെ PhD പ്രോഗ്രാമുകൾ വിദ്ധ്യാർത്ഥികളോട് കാണിക്കുന്ന ഒരു രണ്ടു ദോഷങ്ങളെ ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒന്നാമത്തേത്, എത്ര കഠിനം ആണ് ഗവേഷണം എന്ന് നമ്മൾ അവരെ മനസിലാകുന്നില്ല. അതിലുപരി കഠിനമാണ് പ്രസക്തിയുള്ള ഗവേഷണങ്ങൾ ചെയ്യുക എന്നത്. വളരെ ബുദ്ധിമുട്ടുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിലുപരി ദുഷ്കരമായ പ്രവർത്തിയാണത്. അജ്ഞമായ ഒന്നിൽ മുങ്ങിപോകുന്നതാണ് ഗവേഷണത്തിന്റെ കഠിനത. ഒരു ഫലം അല്ലെങ്കിൽ ഉത്തരം ലഭിക്കുന്ന വരെ നമ്മൾ ചോദിച്ച ചോദ്യങ്ങൾ, ചെയ്തുകൊണ്ടിരിക്കുന്ന പരീക്ഷണങ്ങൾ ശരിയാണോ എന്ന് അറിയാൻ കഴിയില്ല. നല്ല ഗ്രാന്റുകൾക്കും (ഗവേഷണം നടത്താനുള്ള സാമ്പത്തിക സഹായത്തിനുവേണ്ടി) ഉയർന്ന ജേര്ണലുകൾക്കും വേണ്ടിയുള്ള മത്സരം അതിനെ വീണ്ടും കഠിനമാക്കുന്നു എന്ന് സമ്മതിക്കാതിരിക്കാൻ വയ്യ. ഗവേഷണം മൂലം രൂപപ്പെടുന്ന എത്ര വിലയ മാറ്റങ്ങളും ആന്തരികമായ അതിന്റെ കഠിനതയെ എളുപ്പമാക്കുന്നില്ല.
രണ്ട്, ഫലപ്രദമായി എങ്ങനെ വിഡ്ഢികളാവാം എന്ന് നമ്മൾ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ല. അതായത് സ്വയം വിഡികളായി തോന്നിയില്ല എങ്കിൽ നമ്മൾ ശ്രമിച്ചില്ല എന്നാണ് അർഥം. നിങ്ങളുടെ ക്ലാസ്സിലെ മറ്റൊരു കുട്ടി നിങ്ങളെക്കാൾ വായിക്കുകയും പരീക്ഷയിൽ മാർക് വാങ്ങിക്കുകയും എന്ന തരത്തിലുള്ള താരതമ്യേന ഉള്ള വിഡ്ഢിത്തം അല്ല ഞാൻ ഉദ്ദേശിക്കുന്നത്. വളരെ മിടുക്കരായിട്ടുള്ളവർ തങ്ങൾക്ക് ഉചിതമല്ലാത്ത മേഖലകളിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ചും അല്ല. മറിച് ശാസ്ത്രം നിങ്ങളിലെ പരിപൂർണ വിഡ്ഢിയെ നേർക്കുനേർ കാണാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. അത്തരം വിഡ്ഢിത്തരങ്ങൾ ഒരു അസ്തിത്വപരമായ യാഥാർത്ഥ്യമാണ്, അറിയാത്തതിലേക്ക് നമ്മുടെ വഴി തള്ളിത്തുറക്കാനുള്ള ശ്രമങ്ങളിൽ ഉൾച്ചേർന്ന ഒന്ന്. പ്രാഥമിക തീസിസ് പരീക്ഷകളിൽ നിങ്ങളോട് ചോദ്യങ്ങൾക്കുമേൽ ചോദ്യങ്ങൾ ചോദിച് തെറ്റായ ഉത്തരങ്ങൾ പറയിപ്പിച് ഒടുവിൽ "എനിക്ക് അറിയില്ല" എന്ന് പറയിപ്പിക്കുന്നത് ശരിയായ രീതിയാണ്. വിദ്യാർത്ഥിക്ക് എത്ര നന്നായി ഉത്തരം അറിയാം എന്ന് പരിശോധിക്കുകയല്ല ഇത്തരം പരീക്ഷകളുടെ ലക്‌ഷ്യം. എല്ലാത്തിനും ഒരു വിദ്യാർത്ഥി ഉത്തരം പറഞ്ഞുവെങ്കിലും അധ്യാപകരാണ് തോറ്റുപോയത്. വിദ്യാർത്ഥികൾ അറിവിന്റെ എത്ര ഉയരത്തിലാണ് ബലഹീനത കാണിക്കുന്നത് എന്ന് അറിയാനാണ് ഇത്തരം പരീക്ഷകൾ. അവർ ഏതുമേഖലകളിൽ കൂടുതൽ നേരം ചെലവഴിക്കണം, ഗവേഷണത്തെ മുന്നോട്ടു കൊണ്ടുപോവാൻ പ്രാപ്തരാണോ എന്ന് ഇത് തെളിയിക്കുന്നു.
ഉൽപ്പാദനക്ഷമമായ വിഡ്ഢിത്തം എന്നാൽ അറിഞ്ഞുകൊണ്ട് അജ്ഞനായിരിക്കുക എന്നതാണ്. ശരിയായ ചോദ്യങ്ങളിൽ കേന്ദ്രീകരിക്കുന്നത് നമ്മളിൽ അസൗകര്യമായ ഒരു അജ്ഞത ഉണ്ടാക്കുന്നു. ശാസ്ത്രത്തിന്റെ മനോഹരമായ കാര്യങ്ങളിൽ ഒന്ന്, ഓരോ തവണയും എന്തെങ്കിലും പഠിക്കുന്നിടത്തോളം കാലം വീണ്ടും വീണ്ടും തെറ്റുകൾ വരുത്തി മുന്നോട്ട് പോകാനും, അത് പരിപൂർണ്ണമായും സ്വാഭാവികമാണെന്ന് മനസിലാക്കാനും അത് നമ്മെ അനുവദിക്കുന്നു എന്നതാണ്. സ്ഥിരമായി ഉത്തരങ്ങൾ ശരിയാക്കിയ ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചെടുത്തോളം ഇത് മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ആത്മവിശ്വാസവും മാനസിക പ്രതിരോധശേഷിയും സഹായിച്ചേക്കാം, എന്നാൽ എനിക്ക് തോന്നുന്നു ശാസ്ത്രീയവിദ്യാഭ്യാസമാണു മറ്റുള്ളവരുടെ കണ്ടുപിടിത്തങ്ങളെ പഠിക്കുന്നതിൽനിന്നും സ്വയം കണ്ടുപിടിത്തങ്ങൾ നടത്തുന്നതിലേക്ക് നയിക്കുന്നതിൽ നിങ്ങൾക്ക് സഹായകരമാവുക. വിഡ്ഢികളാവുന്നത് നിങ്ങൾ എത്ര സ്വാഭാവികമായി കാണുന്നുവോ അത്രയേറെ ആഴത്തിൽ നാം അറിയാത്തതിലേക്ക് ഇറങ്ങിച്ചെല്ലുകയും വലിയ കണ്ടുപിടുത്തങ്ങൾ നടത്തുകയും ചെയ്യും.